Friday, January 19, 2018

മോണ്ടിസോറി വിദ്യാഭ്യാസം ഒരു കുറിപ്പ്

മോണ്ടിസോറി വിദ്യാഭ്യാസം ഒരു കുറിപ്പ്
മോണ്ടിസോറി എന്ന് കേൾക്കാത്തവർ ഏറെ ചുരുക്കമായിരിക്കും പക്ഷേ ഡോ.മോണ്ടിസോറിയേയും അവരുടെപേരിലറിയപ്പെടുന്ന വിദ്യാഭ്യസസമ്പ്രദായത്തേയും അടുത്തറിയുവാൻ ശ്രമിച്ചവർ ഭാരതത്തിൽ പ്രത്യേകിച്ചും കേരളത്തിൽ വിരളമെന്ന് പറയാതെ വയ്യ. ഇരുപതാം നൂറ്റാണ്ടിൽ ലോകവിദ്യാഭ്യസരീതിശാസ്ത്രങ്ങളെ സമൂലം പിടിച്ചുലക്കുകയും ശാസ്ത്രജ്ഞരായ എഡിസൻ, ഗ്രഹാംബെൽ തുടങ്ങിയവർ പോലും വക്താക്കളായി തീരത്തക്കവിധം സ്വാധീനം ചെലുത്തുകയും ചെയ്ത ഏറെ വിപ്ളവകരമായ ഈ ബോധനപ്രക്രിയ കേരളത്തിൽ ഒട്ടുംതന്നെ ചർച്ച ചെയ്യപ്പെടാതിരിക്കുന്നത് വിചിത്രമായിത്തോന്നിയിട്ടുണ്ട്.
ഡോ.മോണ്ടിസോറിയും ജീവിതവും
1870 ൽ ഇറ്റലിയിൽ ഷിനവലി പ്രവിശ്യയിൽ അലസാന്റോ മോൺണ്ടിസോറിയുടേയും റനിൽഡേ സ്റ്റപ്പാനിയുടേയും മകളായി ജനിച്ച മരിയയുടെ പ്രാഥമീക വിദ്യഭ്യാസം പോലും റോമിലാകുവാൻ കാരണം സർക്കാർ ഉദ്യോഗസ്ഥനായിരുന്ന അച്ഛൻറെ സ്ഥലംമാറ്റം നിമിത്തമായിരുന്നു. ജൻമസ്ഥത്തുനിന്നും ഫ്ളോറിഡയിലേക്കും അവിടുന്ന് റോമിലേക്കും നീങ്ങുകയായിരുന്നു അവർ. ഹയർസെക്കൻറിയായിരുന്നു അന്നുകാലത്ത് ഇറ്റലിയിൽ ഉയർന്നനിലയിലുള്ളവരുടെ പോലും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യാവുന്ന നാട്ടുനടപ്പ് പരിധി. കലാലയ പഠനത്തിനുവേണ്ടി മരിയക്ക് സ്വന്തം അച്ഛനോടുപോലും ഏറെ മല്ലടിക്കണ്ടതായിട്ടുണ്ടായിരുന്നു; എന്നതിൽനിന്നുതന്നെ പിന്നീട് സ്തീപ്രജകൾക്ക് തീരെയും നിഷിദ്ധമായിരുന്ന വൈദ്യശാസ്ത്രപഠനം എത കഷ്ടതരമായിരുന്നിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.ഏറെ ത്യാഗങ്ങൾ സഹിക്കേണ്ടിവന്നുവെങ്കിലും ഇറ്റലിയുടെ ആദ്യ വനിതാ ഭിഷഗ്വര എന്ന അലങ്കാര പദവി മരിയക്ക് ലഭിച്ചെന്ന് പറയാവുന്നതാണ്.
വൈദ്യവൃത്തിയിൽനിന്നും വിദ്യാശാസ്ത്രം മരിയ മോണ്ടിസോറിയുടെ ജീവിതവൃത്തിയും ലക്ഷ്യവും പ്രാപഞ്ചികദൌത്യവുമൊക്കെ ആയിത്തീരുന്നതിന്ന് യാദൃശ്ചികസന്ദർഭങ്ങൾ നിമിത്തങ്ങളായിട്ടുണ്ടെങ്കിലും അവരുടെ അതിസൂക്ഷ്മമായ നിരീക്ഷണബുദ്ധിയും  ജീവിതാവബോധവും അതിലുപരി മനുഷ്യസ്നേഹവും, പ്രതിജ്ഞാബദ്ധമായ പ്രതിബദ്ധതയുമാണെന്നത് സംശയാതീതമാണ്.
മനഃശ്ശാസ്ത്രസംബന്ധിയായ ഗവേഷണങ്ങൾക്കിടെ നരവംശശാസ്ത്രാധിഷ്ഠിതമനോവിജ്ഞാനം (anthropological psychology) അവരുടെ ശ്രദ്ധാവിഷയമാവുകയും കൂടുതൽ പഠനം ആവശ്യമെന്ന് കണ്ടെത്തുകയുമുണ്ടായി. അക്കാലത്ത് മന്ദബുദ്ധികളായ കുട്ടികൾ ജനിക്കുന്നത് റോമക്കാർ ഒരു ശാപമായിക്കരുതിയിരുന്നത്കൊണ്ട് അത്തരം കുട്ടികളെ അവർക്കായി തീർത്തിട്ടുള്ള സർക്കാർ വക അഗതിമന്ദിരങ്ങളിലുപേക്ഷിക്കുക പതിവായിരുന്നു, എന്നുമാത്രമല്ല അത്തരക്കാരെ വൈദ്യപരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്നതിനുകൂടെ ലഭ്യമായിരുന്നു. അങ്ങിനെയാണ് തൻറെ ഗവേഷണഭാഗമായി മോണ്ടിസ്സോറി അത്തരത്തിലുള്ള ഒരഗതിമന്ദിരത്തിലെത്തിപ്പെട്ടത്. ഏറെ മനുഷ്യത്വരഹിതമായിട്ടായിരുന്നു അവിടെയുണ്ടായിരുന്ന അന്തേവാസികൾ കൈകാര്യം ചെയ്യപ്പെട്ടിരുന്നത്. പരസ്പരം തട്ടിപ്പറിച്ചടുക്കാൻ ശ്രമിക്കുന്നതിന്നിടയിൽ വൃത്തിഹീനമായ തറയിൽ ചിതറിവീണ റൊട്ടിത്തരികൾക്കുവേണ്ടിയുള്ള പലപ്രായത്തിലുമുള്ളവരും, അവയവങ്ങൾ പരസ്പരപൂരണത്തോടെ ചലിപ്പിക്കാൻ പോലും കഴിയാത്തവരുമായ ഒരുപറ്റം മതുഷ്യക്കോലങ്ങളുടെ പോരാട്ടം അവരുടെ മനസ്സിനേൽപ്പിച്ച ആഘാതവും മുറിവും ഏറെ തീഷ്ണതരമായിരുന്നു. ആ കുട്ടികളെ നന്നായി പരിചരിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് സർക്കാരിന് എഴുതുക മാത്രമല്ല താൻ സന്ദർശിച്ച അഗതിമന്ദിരത്തിലെ മന്ദബുദ്ധികളെ പരിചരിക്കുവാനുള്ള സന്നദ്ധത സ്വയം പ്രകടിപ്പിക്കുകയും ചെയ്തു. സർക്കാർ അതിനനുവദിക്കേണ്ട താമസമേ വേണ്ടിയിരുന്നുള്ളൂ തൻറെ ആസ്പത്രിയോടനുബന്ധിച്ച് തീർത്ത താത്കാലിക ഭവനത്തിലേക്കവരെ മാറ്റിപാർപ്പിക്കുവാൻ.
സ്നേഹവും പരിചരണവും ശരിയായ ഭക്ഷണവും അവരുടെ ആരോഗ്യസ്ഥിതി ക്രമേണ മെച്ചപ്പെട്ടുവെന്നുമാത്രമല്ല അവർ സന്തോഷിക്കുകയും അതുപങ്കുവയ്ക്കാൻ പഠിക്കുകകൂടിചെയ്തത് മോണ്ടിസ്സോറിക്ക് ഏറെ ആത്മവിശ്വാസം പകരുകയും പ്രചോദനവിഷയമായിത്തീരുകയും ചെയ്തു.
 മനുഷ്യൻ അപ്പം കൊണ്ടുമാത്രം ജീവിക്കുന്നില്ല. എന്ന ക്രിസ്തുവാക്യം ഏറെ അർത്ഥവത്തായി മോണ്ടിസ്സോറിക്ക് തോന്നിയ ജീവിതസന്ദർഭമായിരുന്നു അത്. മാനസ്സീകമായിമാത്രമല്ല ശാരീരികമായും പറഞ്ഞറിയിക്കുവാനാകാത്തവിധം കഷ്ടതകളനുഭവിക്കുന്ന അവരുടെ അഭ്യുന്നതിക്കുതകുന്ന ശിക്ഷണരീതികൾ അന്വേഷിക്കുവാൻ തുടങ്ങി. ഫ്രഞ്ചുകാരായ ഡോ, ഇറ്റാർഡും ശിഷ്യനായ ഡോ, സെഗ്വിനുമാണ് ഇക്കാര്യത്തിൽ അതേവരേ ഏറെ പഠനങ്ങളും പരീക്ഷണങ്ങളും നടത്തിയുട്ടുള്ളതെന്ന് കണ്ടറിഞ്ഞ മോണ്ടിസ്സോറി അതേകികുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുകയും ചില ഉപകരണങ്ങൾ രൂപകൽപ്പന ചെയ്യുകയും ചെയ്തു. അനുഭവവേദ്യമായ ശിക്ഷണസമ്പ്രദാമായിരിക്കണം(experiential education) അവർക്കുവേണ്ടതെന്ന പ്രാഥമികനിഗമനത്തിൽ എത്തിച്ചേരുവാൻ സഹായിച്ചത് നരവംശശാസ്ത്രത്തിലും മനശ്ശാസ്ത്രത്തിലും സ്വയം നടത്തിയ പഠനവും ഡോ. ഇറ്റാർഡ്,സെഗ്വിൻ ദ്വയത്തിൻറെ പരീക്ഷണനിരീക്ഷണങ്ങളുടെ സ്വാംശീകരണവും അതിലുപരി മോണ്ടിസ്സോറിയുടെ സഹജാവബോധവുമാണെന്ന് കാണാവുന്നതാണ്.
അന്തേവാസികളിൽ ഒട്ടുമിക്കവരും സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുവാൻ കഴിവുള്ളവരായിത്തീർന്നു. പലരും എഴുത്തും വായനയും പഠിക്കുക മാത്രമല്ല ഗണിതത്തിലും ശാസ്ത്രത്തിലും ഏറെ താൽപര്യം പ്രകടിപ്പിക്കുവാൻ തുടങ്ങിയപ്പോഴാണ് അവരെ പാഠശാലയിലയക്കുന്നതിൻറെ സാദ്ധ്യത ആലോചിക്കുവാനാരംഭിച്ചത്. നിർഭാഗ്യകരമെന്നേ പറയേണ്ടൂ അത്തരം ആൾക്കാരെ സ്കൂളിൽ ചേർത്തുപഠിപ്പിക്കുവാൻ വകുപ്പില്ലെന്ന മറുപടിയാണ് അവർക്ക് ലഭിച്ചത്. നിരാശയാകാതെ മോണ്ടിസ്സോറിതന്നെ തൻറെ സഹപ്രവർത്തകരുടെ സഹായത്തോടെ മാനസീകവും കായികവുമായി കഴിവുകുറഞ്ഞ തങ്ങളുടെ അന്തേവാസികളുടെ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകാനുറച്ചു. പാഠപുസ്തകങ്ങൾ ഉപയോഗിച്ചിരുന്നു എങ്കിലും കേവലം പുസ്തകസംബന്ധിയായിരുന്നില്ല അവർക്കുവേണ്ടി ഡോ. മോണ്ടിസ്സോറി തയ്യാറാക്കിയിരുന്ന പാഠ്യപദ്ധതി. അറിവുസംപ്രേഷണത്തേക്കാൾ മാനസീകവും കായികവുമായ പരിവർത്തനം സാദ്ധ്യമാകുംവിധം രൂപകൽപന ചെയ്യപ്പെട്ടിരുന്നു എന്നുവേണം പറയുവാൻ. അന്ന് റോമിൽ നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസവകുപ്പ് അത്തരം പഠിതാക്കൾക്കായി പരീക്ഷാസമ്പ്രദായവും ആരംഭിച്ചിട്ടില്ലായിരുന്നു. അതുകൊണ്ട് അവർ പരീക്ഷ എഴുതുന്നുവെങ്കിൽ പൊതുപരീക്ഷതന്നെയെഴുതട്ടെയെന്ന പരിഹാസം നിറഞ്ഞ മറുപടിയാണ് അതേക്കുറിച്ചാരാഞ്ഞ മോണ്ടിസോറിക്ക് ലഭിച്ചത്. കാര്യങ്ങളിങ്ങനെയൊക്കെയായിരുന്നെങ്കിലും കുറച്ചുപേരെ പരീക്ഷക്കു സജ്ജമാക്കുകയും സെക്കൻററി പൊതുപരീക്ഷതന്നെ എഴുതിക്കുകയും ചെയ്തു.
ആ വർഷം സെക്കൻററി പരീക്ഷ ജയിച്ചകുട്ടികളുടെ ശതമാനം ഏറെ കുറവായിരുനിനവെങ്കിലും മോണ്ടിസ്സോറിയുടെ കുട്ടികളും പാസ്സായവരുടെ കൂട്ടത്തിലുണ്ടായിരുന്നു എന്നത് ഇറ്റലിയിൽ മാത്രമല്ല ലോകതലത്തിൽത്തന്നെ പുതിയതരത്തിലുള്ള ചർച്ചകൾക്ക് തുടക്കമിട്ടു. വളർച്ചാമാന്ദ്യമുള്ളവരുടെ വിദ്യാഭ്യാസവും പരിശീലനവും എങ്ങിനെ ഫലപ്രദമാക്കാം എന്നതു മാത്രമല്ല അവയുടെ അനിവാര്യത കൂടി  ഏറെ സജ്ജീവ ചർച്ചാവിഷയങ്ങളായിത്തീർന്നു.
വിജയശ്രീലാളിതരായ വ്യത്യസ്തശേഷിക്കാരുടെ പരീക്ഷാപത്രങ്ങൾ ലോകത്തിൻറെ വിവിധരാജ്യങ്ങളിൽനിന്നുള്ള പണ്ഡിതശ്രേഷ്ടർ പുനർമൂല്യനിർണ്ണയം ചെയ്ത് ഇറ്റലിക്കാരായ അദ്ധ്യാപകർക്ക് അബദ്ധം പിണഞ്ഞതല്ല എന്ന് ഉറപ്പ് വരുത്തുകയുണ്ടായി എന്നതിൽനിന്നും ഊഹിക്കാവുന്നതേയുള്ളൂവല്ലോ ലോകപാണ്ഡിത്യത്തിനേറ്റ ആഘാതത്തിൻറെ തോത്.
അതെന്തുമാകട്ടെ, അവരുടെ നേട്ടം ഒരുവിധത്തിൽ ഒരു കണ്ണുതുറപ്പിക്കൽ സന്ദർഭമായി അംഗീകരിക്കുവാനും ഡോ.മോണ്ടിസ്സോറിയെ അർഹമായരീതിയിൽ ആദരിക്കുവാനും ഇറ്റലി സർക്കാർ നിശ്ചയിച്ചു. ഒരു ലോകസദസുതന്നെ ഏർപ്പാടുചെയ്യപ്പെട്ടു, ലോകത്തിൻറെ നാനാഭാഗത്തുനിന്നും വിദ്യാഭ്യാസവിചക്ഷണർ ക്ഷണിക്കപ്പെട്ടു റോമിൽത്തന്നെ ഗംഭീരമായ ഏർപ്പാടുകളും ചെയ്തു. വേദിയിൽ ഉപവിഷ്ടയായിരുന്ന ഡോ. മോണ്ടിസ്സോറിയെ പലപലഭാഷകളിൽ പുകഴ്ത്തപ്പെട്ടു. ഈ സമയമത്രയും മോണ്ടിസ്സോറിയുടെ ആലോചനയത്രയും മറ്റൊരു പാത തേടുകയായിരുന്നു. തൻറെകുട്ടികളുടെ അപാരമായ കഴിവിനേക്കാൾ അവരോടൊപ്പം ഫരീക്ഷയേഴുതിയിരുന്ന സാധാരണപഠിതാക്കളുടെ കഴിവുകേട് അഥവാ അവരുടെ പാഠ്യപദ്ധതിയിലെ അപാരമായ ന്യൂനതയാണ് മോണ്ടിസ്സോറിയെ അസ്വസ്ഥമാക്കിയത്. അന്നത്തെ ആ ചിന്തയായിരുന്നു പുതിയ വിദ്യാബോധനപ്രക്രിയക്ക് നാന്ദികുറിച്ചതെന്നുപറയാം.

മോണ്ടിസോറി പാഠ്യപദ്ധതി - പ്രയോഗവും തത്വശാസ്ത്രവും.
ശിശുവാണ് മനുഷ്യനെ സൃഷ്ടിക്കുന്നത് മറിച്ചല്ല... വില്യം വേഡ്സ് വർത്തിന്റെ പ്രശസ്തമായ ഈ വരികൾ ഡോ.മോണ്ടിസോറി തൻറെ പാഠ്യപദ്ധതി വിവരിക്കുന്നതിനുവേണ്ടി കടമെടുക്കുകയുണ്ടായി എന്നു വേണമെങ്കിൽ പറയാവുന്നതാണ്. ഈ വരികളിൽ മോണ്ടിസോറി വിദ്യാഭ്യാസക്രമത്തിൻറെ കാതലായ അംശം അടങ്ങിയിരിക്കുന്നു എന്നത് ഏറെ ശരിയായ വിലയിരുത്തലാണ്. പ്രകൃതിസഹജവും അതേസമയം മനുഷ്യൻറെ വളർച്ചാനിയമങ്ങൾക്ക്, ജീവജാതി എന്ന അർത്ഥത്തിലും വ്യക്തിഭേദമായും, അനുഗുണവുമായിരിക്കുന്നതിനു പകരം അതിന്നു വ്യതിരേകമായി വിപരീതദിശയിൽ വിദ്യാഭ്യാസപ്രക്രിയ  നീങ്ങുന്നതുമൂലം വ്യക്തിവികാസത്തെമാത്രമല്ല സാമൂഹ്യവികാസക്രമങ്ങളേയും പ്രതികൂലമായി ബാധിക്കുന്നതായി ഡോ,മോണ്ടിസോറി കണ്ടെത്തി. ജീവജാലങ്ങളുടെ പരിണാമ പ്രക്രിയ മനുഷ്യനിൽ പരിപൂർണ്ണമാകുന്നതിന്ന് കാരണം അവന്ന് പരിവർത്തനശേഷി കൈവന്നതിനാലാണെന്ന് കൂടെ അവർ പറഞ്ഞുവക്കുന്നുണ്ട്.
ഊഹാധിഷ്ഠിതമായ അഥവാ തത്വശാസ്ത്രാധിഷ്ഠിതമായ മനഃശാസ്ത്രം അടിസ്ഥാനഫലകമായിട്ടുള്ള വിദ്യാശാസ്ത്രവും സമ്പ്രദായവുമാണ് ന്യൂനതക്ക് പ്രധാനകാരണമെന്ന് ഡോ.മോണ്ടിസോറി അനുമാനത്തിലെത്തിചേർന്നു എന്നാൽ അത് സ്ഥിരീകരിക്കണ്ടതുള്ളതുകൊണ്ട് തതനുസൃതമായ അന്വേഷണവും പഠനവും നടത്തികൊണ്ടിരിക്കേയാണ് ആകസ്മികമായ ഒരവസരം അവരുടെ മുന്നിൽ വന്നുചേർന്നത്. താഴ്ന്നവരുമാനക്കായി പണിതീർത്ത റോമിലെ ഒരു കെട്ടിടസമുച്ചയത്തിൽ താമസിക്കുന്ന ദിവസ്സക്കൂലിക്കാരായവരുടെ അറുപതിന്നുമേലെവരുന്ന ചെറുപ്രയക്കാരായ കുട്ടികൾ പകൽസമയമത്രയും ശ്രദ്ധിക്കപ്പെടുവാനാളില്ലാത്തതിനാൽ കെട്ടിടത്തിന്നുതന്നെ ഭീഷണിയായിതീർന്നപ്പോൾ, അവരെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനും ആവശ്യമെങ്കി.ൽ പഠനസൌകര്യങ്ങളൊരുക്കുന്നതിന്നുമായി സാദ്ധ്യതകളാരാഞ്ഞുകൊണ്ട് കരാറുകാരായ ഉടമകൾ മോണ്ടിസോറിയെ സമീപിച്ചു. ഡോ.മോണ്ടിസോറി തന്നാലാവുന്ന സഹായവാഗ്ദാനവും ചെയ്തു. അതുവരെ യാതൊരുവിധത്തിലുമുള്ള നിയന്ത്രണങ്ങൾക്കും വിധേയരല്ലാതിരുന്ന അവരെ കുറച്ചെങ്കിലും വരുതിയിൽ കൊണ്ടുവരിക വാക്കുകൾക്കോ ശകാരങ്ങൾക്കോ അസാദ്ധ്യമെന്ന് അവർക്ക് പെട്ടെന്നുതന്നെ മനസ്സിലായി. ഇന്ദ്രീയങ്ങളും കരങ്ങളും പ്രവർത്തനോന്മുഖമാകുന്നതിലൂടെ മാനസീകവ്യാപാരത്തിലും പ്രവർത്തികളിലും ഗുണാത്മകമായ മാറ്റങ്ങൾ കുട്ടികളിൽ സൃഷ്ടിച്ചേക്കാമെന്ന അസ്പഷ്ടധാരണ ഡോ.മോണ്ടിസോറി ഇതിന്നുമുമ്പേ സ്വരൂപിച്ചിരുന്നു. അത് പരീക്ഷിച്ചുനോക്കുവാൻ ഉറച്ചു. അതിന്നായി ഉപകരിക്കാവുന്ന ചില പഠനോപകരണങ്ങൾ രൂപകൽപനചെയ്ത്, നിർമ്മിച്ചെടുത്തു് കുട്ടികൾക്കുവേണ്ടി അനുവദിച്ചുനൽകിയിരുന്ന വിശാലമായ മുറിയിൽ ഭംഗിയായി ഒരുക്കിവച്ചു. മൂന്നുവയസ്സുമുതൽ പലപ്രായത്തിലുമുൾപ്പെട്ട പഠിതാക്കളുടെ പ്രതികരണത്തിനുവേണ്ടി അക്ഷരാർത്ഥത്തിൽതന്നെ അവർ കാത്തിരുന്നെന്നു പറയാവുന്നതാണ്. റോം യൂണിവേഴ്സിറ്റിയിലെ സൈക്യാട്രി പ്രൊഫസർ, വൈദ്യവൃത്തി, വനിതാവകാശപ്രവർത്തനങ്ങൾ ഇവക്കെല്ലാമുപരിയായി തൻറെ വിദ്യാഭ്യാസമേഖലയിലെ പരീക്ഷണങ്ങൾ തനിക്ക് ഏറെ വിലപ്പെട്ടതായിരുന്നുവെന്ന് ഡോ.മോണ്ടിസോറി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്തായിരുന്നാലും അഭൂതപൂർവമായ സ്വീകരണമാണ് പുതിയ പഠനോപകരണങ്ങക്ക് ലഭിച്ചതെന്ന് നിസംശയം പറയാവുന്നതാണ്.
മനുഷ്യൻ ഒരു ജാതി(species) എന്നുള്ള നിലയിലുള്ള സ്വഭാവഗുണങ്ങൾ(traits) നിലനിൽക്കുന്നതിന്നും, അവക്ക് വളർച്ചയോ തളർച്ചയോ അതുമല്ലെങ്കിൽ പരിവർത്തനം തന്നെയോ സംഭവിക്കുന്നതിന് ചാലകശക്തിയായി വർത്തിക്കുന്നതും അവൻറ ശൈശവാവസ്ഥയിൽ മാത്രമാണെന്നുള്ള ധാരണയിൽ ഡോ.മോണ്ടിസോറി എപ്പോഴോ എത്തിചേർന്നിരുന്നു.
വ്യവസ്ഥാപിതമായ ശീലങ്ങൾക്കു വിപരീതമായി പുതിയ പാഠശാലയിലെ (ശിശുഭവനം എന്നാണ് ഡോ.മോണ്ടിസോറി അതിനെ വിള്ച്ചതും ഇന്ന് ലോകമാസകലമുള്ള മോണ്ടിസോറി പഠനകേന്ദ്രങ്ങൾ അറിയപ്പെടുന്നതും) ഫർണിച്ചർ ഏല്ലാംതന്നെ പഠിതാക്കളുടെ അളവിലും അവർക്ക് സൌകര്യപ്രദമായി കൈകാര്യം ചെയ്യാവുന്ന രീതിയിലുമാണ് നിർമിച്ചിരുന്നത്. പഠനസാമഗ്രികൾ കുട്ടികൾക്ക് പ്രാപ്യമാകുംവിധം അവരുടെ ഉയരത്തിലും കാണുവാൻ കഴിയുംവിധവുമാണ് ക്രമീകരിച്ചിരുന്നത്. അവർക്കുവേണ്ടി നിയോഗിച്ചിരുന്ന അദ്ധ്യാപികക്കും എന്തൊക്കെ ചെയ്യണം എന്നതിനേക്കാൾ എന്തൊക്കെ ചെയ്യരുതെന്ന നിർദ്ദേശങ്ങളായിരുന്നു ഡോ.മോണ്ടിസോറി നൽകിയിരുന്നതെന്ന് പറയാം. അതിൽ പ്രധാനമെന്നു പറയാവുന്നത് ടീച്ചർ വിദ്യാർത്ഥിയെ പഠിപ്പിക്കരുത് മറിച്ച് പിന്തുടരുക മാത്രമാണ് ചെയ്യേണ്ടിയിരുന്നതെന്നാണ്.
പ്രകൃതി, തന്നിലൂടെ ഉടലെടുത്ത ജീവജാലങ്ങളിൽ അവയുടെ വളർച്ചാനിയമങ്ങൾ ഓരോന്നിന്റയും ഭ്രൂണത്തിൽതന്നെ എത്രവിദഗ്ദമായിട്ടാണ് പ്രോഗ്രാം ചെയ്തിരിക്കുന്നതെന്ന് മനസ്സിലാക്കിയ ഡോ.മോണ്ടിസോറി മനുഷ്യൻറെ വളർച്ചാവികാസ നിയമങ്ങളെക്കുറിച്ച് ആലോചിക്കുവാൻ തുടങ്ങി. ശൈശവം മാത്രമേ ആ പരമരഹസ്യം വെളിപ്പെടുത്തുന്നുള്ളൂ എന്ന് മനസ്സിലാക്കി ശൈശവം വിളിച്ചോതുന്ന കാര്യങ്ങൾ ഓരോന്നായി കണ്ടുപിടിച്ചു. ജനനത്തോടെ ബ്രൂണാവസ്ഥ പിന്നിടുന്ന ശിശു, മനുഷ്യജന്മത്തിനു മാത്രം പരിമിതവും സവിശേഷവുമായ ഒരു വളർച്ചാഘട്ടത്തിലേക്ക്, മനസ്സംബന്ധിയായ ഭ്രൂണാവസ്ഥ (Psychical embryo) പ്രാപിക്കുന്നതായി ഡോ.മോണ്ടിസോറി കണ്ടറിഞ്ഞു. ജനനം മുതൽ ആറുവയസ്സുവരെയുള്ള കാലഘട്ടം ശരീരത്തിൻറേയും മനസ്സിൻറേയും വളർച്ചയിൽ, അഥവാ നിർമിതിയിൽ പരമപ്രധാനമായ ഘട്ടമാണെന്നുള്ള നിഗമനത്തിൽ അവർ എത്തിചേർന്നു. മനഃശാസ്ത്രപരമായി ആഗിരണത്മക മനസ്സ് (absorbent mind) ആണ് ആ കാലഘട്ടത്തിൻറെ പ്രത്യേകതയായി ഡോ.മോണ്ടിസോറി വിലയിരുത്തിയത്.
ശൈശവത്തിൻറെ പ്രത്യേകതകൾ   
വളർച്ചയും വികാസവുമെല്ലാം കായികമായ അല്ലെങ്കിൽ ശാരീരികമായ സവിശേഷതകളായി മാത്രമേ അന്നുവരെ കണ്ടിരുന്നുള്ളൂ. മാനസീക വ്യവഹാരങ്ങളായ ഭാഷ, ഗണിതം, ശാസ്ത്രാവബോധം, ബുദ്ധി, അറിവ് മുതലായവയെല്ലാം പഠിച്ചെടുക്കേണ്ടവയോ പഠിപ്പിച്ചെടുക്കേണ്ടവയോ ആണെന്നായിരുന്നു പൊതുവേയുള്ള വിശ്വാസം. മനുഷ്യൻറെ വളർച്ചയെന്നാൽ അവൻറെ കായികമായ വളർച്ചയെന്നർത്ഥം. ഇതിന്നു കടകവിരുദ്ധമായ ആശയമായിരുന്നു ഭ്രൂണമനസ്സെന്ന ഡോ.മോണ്ടിസോറിയുടെ സങ്കൽപ്പം. അവിടുന്നിങ്ങോട്ട് ഏറെപേർ ഈ വിഷയങ്ങളിൽ ഗഹനമായ പഠനങ്ങൾ നടത്തുകയും നോം ചോംസ്കിയുടെ ആധുനിക പഠനനങ്ങൾ ഡോ.മോണ്ടിസോറിയുടെ കണ്ടെത്തലുകൾ ശരിവക്കുന്നുമുണ്ട്. ശരീരമെന്നപോലെത്തന്നെ മനസ്സും ദ്രൂണാവസ്ഥയിൽ നിന്നും വളരേണ്ടതുണ്ടെന്നും ഭൌതീക ഭ്രൂണാവസ്ഥയെപ്പോലെത്തന്നെ മനോഭ്രൂണവും മാനുഷീകമായ ഗുണവിശേഷങ്ങൾ നൈസർഗ്ഗീകമായി ഗുണസമ്പന്നമാണെന്നുള്ളതാണ് ഈ സങ്കൽപ്പനത്തിൻറെ കാതലായ അംശം. അങ്ങിനെയാണെങ്കിൽ കായികമായി വളരുവാൻ ഒരു ശിശുവിനെ ആരും വിദ്യാഭ്യാസം  ചെയ്യേണ്ടതില്ലാത്തപോലെ മാനസീകവളർച്ചക്കും വിദ്യാഭ്യാസമല്ല മറിച്ച് മനസ്സിൻറെ വികാസനിയമങ്ങളും നൈസർഗീക ഗുണശ്രേഷ്ടതകളും കണ്ടെത്തി അവയുടെ പോഷകാംശങ്ങൾ (ശരീരത്തിന് പോഷകപദാർത്ഥങ്ങളെന്നപോലെത്തന്നെ) കണ്ടെത്തി നൽകി ആരോഗ്യസമ്പുഷ്ടമാക്കുകയാണ് വേണ്ടതെന്ന് സംശയലേശമെന്ന്യേ ഡോ.മോണ്ടിസോറി പ്രഖ്യാപിച്ചു.
ഡോ.മോണ്ടിസോറിയിടെ സഹജാവബോധം(intuition)മാത്രമാണോ ഈ സങ്കൽപ്പനത്തിന്നടിസ്ഥാനം എന്നചോദ്യത്തിന് അല്ലെന്നുതന്നെയായിരിക്കും ദൃഢമായ ഉത്തരം. കുട്ടികൾ തൻറെ മുമ്പിൽ അവരുടെ സ്വഭാവവിശേഷങ്ങൾ സ്വയംവെള്പ്പെടുത്തുകയായിരുന്നു എന്നാണ് ഡോ.മോണ്ടിസോറി പറയുന്നത്. ശൈശവത്തെ ഉപാധികളില്ലാതെ പിന്തുടരുവാൻ ആധുനികലോകം മനസുവച്ചാൽ ഒരളവുവരെ എല്ലാ സാമൂഹ്യസാംസ്കാരിക സംഘർഷണങ്ങൾക്കും പരിഹാരം കണ്ടെത്താമെന്ന് മൂന്നാം വട്ടവും നോബൽ ലോകസമാധാന സമ്മാനത്തിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ട് ഐക്യരാഷ്ട്രസഭയിൽ പ്രസംഗിക്കവേ അവർ അഭിപ്രായപ്പെടുകയിണ്ടായി.
കുട്ടികൾ സ്വയം വെളിപ്പെടുത്തുകയും അതുമൂലം അവരുടെ മാനസ്സീകവളർച്ചാരഹസ്യങ്ങൾ കണ്ടെത്തി മാനഃശാസ്ത്ര തത്വങ്ങൾ അഥവാ വികസനിയമങ്ങൾ വികസിപ്പിച്ചെടുത്ത് പുതിയൊരു ബോധനശാസ്ത്രം തന്നെ കണ്ടെത്തുന്നതിലേക്ക് വഴിവച്ചതുമായ ബാല്യത്തിന്റെ നൈസർഗീക ഗുണങ്ങൾ ഡോ.മോണ്ടിസോറി ഇങ്ങനെ ക്രോഡീകരിക്കുകയുണ്ടായി.
1.       മാനവരാശിയുടെ നിലനിൽപ്പിന്നാസ്പദമായ ഗുപ്തഗുണങ്ങളും നൈസർഗ്ഗീക വാസനകളും ശിശുക്കളിലാണ് നിലനിൽക്കുന്നത്.
2.       സൃഷ്ടികളിൽ മനുഷ്യനുമാത്രം പ്രകൃതിദത്തമായ വാസഗൃഹമോ സ്ഥലമോ ഇല്ല. അവനെ പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കുവാനുതകുംവിധം പാകപ്പെടുത്തുന്നത് ശൈശവത്തിൻറെ പ്രത്യേക ഗുണവിശേഷങ്ങളാണ്.
3.       ഒരു ശിശു ജന്മനാ സുവ്യവസ്ഥിതമായ അച്ചടക്കം പാലിക്കുകയും തൻറെ ചുറ്റുപാടിൽ ഒരു ക്രമം നിലനിന്നുകാണാൻ ആഗ്രഹിക്കികയും ചെയ്യുന്നു.
4.       സങ്കീർണ്ണമായ ഓരോ വളർച്ചാഘട്ടവും ശരിയാംവിധം പൂർത്തീകരിക്കുവാൻ പ്രാപ്തമാക്കും വിധം ശിശുവിൽ സഹജമായ സംവേദനക്ഷമത(sensitivity) ഉടലെടുക്കുകയും ലക്ഷ്യപൂർത്തീകരണത്തിനുശേഷം അപ്രത്യക്ഷമാവുകയും ചെയ്യുന്നു.
5.       ബാഹ്യപ്രകൃതിയാകട്ടെ സംവേദനാത്മക കാലയളവിനോട്(sensitive period) പ്രതികരിക്കുവാൻ തക്കവിധം ഉത്തേജക സങ്കേതമായി പ്രതിപ്രവർത്തിക്കുന്നതിലൂടെ അവൻറെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു.
ആന്തരീകവും ബാഹ്യവുമായ പ്രകൃതിയുടെ ഈ ഇടപെടൽ മനഃശാസ്ത്രവിശകലനത്തിലും വിദ്യാഭ്യാസ ക്രമത്തിലും ഏറെ പരിഗണിക്കപ്പെടേണ്ടതാണ്. ഏറെ സഹജവും ലളിതവവും സാമൂഹ്യപ്രദവും ആകേണ്ടിയിരുന്ന, ആയിരിക്കേണ്ട വിദ്യാഭ്യാസ പ്രക്രിയ മുതിർന്നവരുടെയും അവർ സൃഷ്ടിച്ചെടുത്ത സമൂഹ്യനിയമങ്ങളുടേയും സർക്കാരുകളുടേയും അഹന്താനിഷ്ഠമായ ദുരാഗ്രഹ ലക്ഷ്യങ്ങളായി പരിണമിക്കുകമൂലം നിലനിൽക്കുന്ന തലമുറയോടൊപ്പം മനുഷ്യരാശിയുടെ ഭാവിയും കൂടിയാണ് വീണ്ടെടുക്കുവാനാകാത്തവണ്ണം മലിനപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന ഡോ. മോണ്ടിസോറിയുടെ മുന്നറിയിപ്പ് പ്രസക്തവും കാലികപ്രാധാന്യം അർഹിക്കുന്നതുമാണ്.  
   

No comments: